Wednesday, January 27, 2016

ബനാറസിന്റെ ഗ്രാമങ്ങളിലൂടെ.

ബനാറസിന്റെ ഗ്രാമങ്ങളിലൂടെ. 
------------------------------------------------------
എന്റെ ജീവിതത്തിലെ വളരെ പ്രാധന്യമാർഹിക്കുന്നതെന്ന് ഞാൻ കരുതുന്ന ഒരു ചിത്രവും അതിനോട് അനുബന്ധിച്ചുള്ള ഒരു വിവരണവും ആണിത്. 

ഞാൻ ബനാറസിന്റെ നഗരക്കാഴ്ചകൾ വിട്ടു ഗ്രാമീണ ഭംഗിയും തേടി ക്യാമറയുമായി ഇറങ്ങി... കുറച്ച് ദൂരെയായി എന്റെ വാഹനം നിർത്തിയിട്ട ശേഷം ഇറങ്ങി നടക്കാൻ ആരംഭിച്ചു. കുറെ അധികം സാധാരണ ഗ്രാമവാസികൾ തിങ്ങിപ്പാർക്കുന്ന കോളനി പോലെ തോന്നിക്കുന്ന ഒരിടം.കാഴ്ചയിൽ തന്നെ അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുടെ പോരായ്മകൾ എനിക്ക് മനസ്സിലായി.പലരും എന്നെ അത്ഭുതത്തോടെ നോക്കുന്നു, പിറുപിറുക്കുന്നു. എന്റെ വേഷവും കയ്യിലെ ക്യാമറയും കണ്ടിട്ടാവാം. ഞാൻ പല പല ദൃശ്യങ്ങൾ മനസ്സിൽ കണ്ട് അങ്ങനെ നടന്നു മുന്നേറി. ഇടയ്ക്കിടെ നല്ല ഫ്രേമുകൾ പകർത്തി. പലരും കൃഷിക്കാരാണ്.കുട്ടികൾ ഓരോരോ വിനോദങ്ങളിലും തമ്മിൽ തല്ലിലുമൊക്കെ എർപെട്ട് തിമിർക്കുന്നു. എന്റെ മനസ്സിൽ നല്ല സന്തോഷം, കാരണം നഗരത്തിന്റെ തിരക്കിൽ ഇതൊന്നും കാണാൻ പറ്റില്ല. എനിക്കും ആ കുട്ടികളോട് ഒപ്പം ചളിയിൽ ഉരുണ്ടു മറിയാൻ തോന്നി. അങ്ങനെ നിൽകുമ്പോൾ എവിടെ നിന്നോ ഒരു കരച്ചിൽ കേട്ടു, ഞാൻ അവിടേക്ക് വേഗത്തിൽ നടന്നു എന്താണെന്നറിയാൻ. ഒരു കുഞ്ഞിന്റെ കരച്ചിലാണ്, പേടിച്ച നിലവിളി. ഞാൻ എത്തി നോക്കുമ്പോൾ കുറെ നായകൾ ചേർന്ന് കുരച്ചു കൊണ്ട് രണ്ട് മൂന്നു വയസ്സിനടുത്ത് പ്രായമുള്ള ഒരു കുഞ്ഞിനെ ഉപദ്രവിക്കാൻ ഒരുങ്ങുന്നു,.ഞാൻ വേഗം ആ തെരുവ് നായകളെ ഓടിച്ചു. കുട്ടി ആകെ പേടിച്ചു ഭയപ്പാടോടെ നിലവിളി തുടർന്നു. അടുത്തെങ്ങും ആരുമില്ല, അവനെ അവിടെ തനിയെ വിടാൻ എനിക്ക് മനസ്സ് വന്നില്ല.ഞാൻ ഹിന്ദിയിൽ അവന്റെ വീട് എവിടാന്നു ചോദിച്ചു, അപ്പോഴും അവന്റെ മുഖത്തെ ഭയം മാഞ്ഞിരുന്നില്ല. വിതുമ്പിക്കൊണ്ട് ആ കുഞ്ഞു നിന്നു. ശ്വാസം ഒക്കെ പ്രയാസപ്പെട്ടു എടുക്കുന്നതായി തോന്നി. ഞാൻ അവനെ ചേർത്ത് നിർത്തി സമാധാനിപ്പിച്ചു. അവൻ എന്നെ പറ്റി ചേർന്നു നിന്നു.. അല്പം ശാന്തനായപ്പോൾ ഞാൻ അവനെ എടുത്തു അവൻ കൈചൂണ്ടിയ അവിടേക്ക് കയറി, അതാവണം അവന്റെ വീട്. ഓല മേഞ്ഞ കുഞ്ഞു കുടിൽ, ഭിത്തി ചളിയും കല്ലും ഉപയോഗിച്ച് നിർമിച്ചത്, അല്ല ഇവന്റെ അച്ഛനും അമ്മയും എവിടെ? ഞാൻ ഓരോന്നൊക്കെ കുട്ടിയോട് ചോദിച്ചു കൊണ്ടിരുന്നു, അവൻ മിടുക്കനാണ് ഭോജ്പുരി ഭാഷ കലർന്ന ചെറിയ ശബ്ദശകലങ്ങൾ അവൻ പറഞ്ഞു, ചിരിക്കാൻ ഒക്കെ തുടങ്ങി. ഞാനും അറിയാതെ അവനോടൊപ്പം അവന്റെ സന്തോഷത്തിൽ പങ്കു ചേർന്നു, എന്റെ കയ്യിൽ ഉണ്ടായിരുന്ന ടിഫിൻ ബോക്സിലെ സാൻവിച്ചും മറ്റും അവനു കൊടുത്തു. അവനു നല്ല വിശപ്പ് ഉണ്ടാവണം മുഴുവൻ കഴിച്ചു, അത് കണ്ടപ്പോൾ എനിക്കും സമാധാനമായി. അമ്മയെപ്പറ്റി ചോദിച്ചപ്പോൾ അവൻ പുറത്തേക്ക് കൈ ചൂണ്ടി,പക്ഷെ അവിടെങ്ങും ആരെയും കണ്ടില്ല, എന്തായാലും ആരെങ്കിലും വന്ന ശേഷം പോകാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ അവന്റെ പുഞ്ചിരിയിൽ സന്തോഷിച്ചു ഞാൻ അവിടെ ഇരുന്നു. അല്പം കഴിഞ്ഞു ഒരു വലിയ തലച്ചുമടുമായി ക്ഷീണിതയായ ഒരു സ്ത്രീ വന്നു, അമിതാധ്വാനത്താൽ അവർ വളരെ മെല്ലിച്ച ഒരു രൂപമായിരുന്നു. എന്നെ ആ കുട്ടിയുടെ കൂടെ കണ്ടപ്പോൾ സ്തബ്ധയായി നോക്കി എന്നിട്ട് ഓടി വന്നു അവനെ എടുത്തു മാറി നിന്ന് ഭോജ്പുരിയിൽ എന്തൊക്കെയോ അവനോടും എന്നോടുമായി പറഞ്ഞു, ഞാൻ ഹിന്ദിയിൽ നടന്ന കാര്യങ്ങൾ അവരെ ബോധിപ്പിച്ചു, ഭോജ്പുരി ഭാഷ കേട്ടാൽ അല്പസ്വല്പം മനസ്സിലാകുമെങ്കിലും പറയുവാൻ എനിക്ക് അത്ര വശമില്ല.. അവർക്ക് കാര്യം മനസ്സിലായി, അവർ കുറെ തവണ നന്ദി പറഞ്ഞു. കുട്ടി ഉറങ്ങിയപ്പോൾ അവർ കുറച്ചു ദൂരെയുള്ള പാടത്ത് ഭർത്താവിനൊപ്പം പോയി സഹായങ്ങൾ ചെയ്ത് തിരിച്ചു വന്നതാണ്‌. അവർ പോയി കുറെ കഴിഞ്ഞു ഇവൻ ഉണർന്നു അമ്മയെ അന്വേഷിച്ച് പുറത്തിറങ്ങിയപ്പോഴാവും നായകളുടെ മുന്നിൽ പെട്ടത്. എന്തായാലും ഒന്നും സംഭവിച്ചില്ല.ഞാൻ അവന്റെ ഒന്ന് രണ്ടു ചിത്രങ്ങൾ പകർത്തി, ക്യാമറ കണ്ടു ഭയന്നിട്ടാവും അവന്റെ ചിരിയൊക്കെ മാഞ്ഞു പോയി....... നടന്നു വീണ്ടും മുന്നോട്ട് നീങ്ങുമ്പോൾ ഞാൻ എന്റെ മനസ്സിൽ അവനൊരു പേരിട്ടു, " തക്കുടു".

No comments:

Post a Comment