Wednesday, January 27, 2016

നരകവാതിൽ വഴി..

നാണം പിടഞ്ഞു മരിച്ചു പോയ്‌ നിങ്ങളിനി  നരകവാതിൽ വഴി ഉള്ളു കടക്കുക...

നീളൻ വഴി താണ്ടി ഈർച്ചവാൾ ധ്വനി പോലെ
താളത്തിലടിവെച്ചു നീങ്ങുക വേഗം..

ഭൂമിയിലെ സ്വർഗങ്ങൾ നിങ്ങൾക്കു തന്നിരുന്നൊരു നാളും നിങ്ങളതിൽ നന്ദി കാണിച്ചില്ല....

അപരാധമാണെന്നറിഞ്ഞിട്ടും കൂരിരുൾ മറവിൽ നീ മ്ലേച്ചതകൾ കൊടികുത്തി വാഴ്ത്തി...

വ്യഭിചാരമതിലേറെ ത്തെരുക്കൂത്തിൻ അഭിമാനഭാജനം ആയി വിളങ്ങി നീ...

അതുമൂലം നിന്നോമൽ പിഞ്ചുകിടാങ്ങൾ തൻ അടിനാഭി അപരന്നു മേച്ചിൽപ്പുറങ്ങളായ്‌...

ഇനിയില്ല തരുവാനില്ലൊരു മാപ്പു നിനക്കായി നിൻ വിധി നരകത്തിൻ തീക്കാട് തന്നെ....

അധികാര മോഹങ്ങൾ സിരകളിൽ ചേർത്തു നീ.. നിന്റെ മദമാർന്ന കേളികളിലാർപ്പിട്ടു ജീവിച്ചു...

ലജ്ജയുടെ കേവലസ്മരണ തൻ  നാളമണഞ്ഞു പോയ്‌.....
നിങ്ങളിനി നരകവാതിൽ വഴി ഉള്ളു കടക്കുക...

മൃദുൽ

വൃക്ഷ ദാഹം

ഇനിയും കൊഴിക്കാൻ എന്നിൽ ഇലകളില്ല.. എന്റെ ചില്ലകൾ വാടിക്കരിഞ്ഞുപോയി..

ഇനിയും തളിർക്കാത്ത... പുഷ്പങ്ങൾ വിരിയാത്ത.. സുഗന്ധം പരത്താത്ത ഗതികെട്ട കാലമാണ് എന്റെ ഭാവി...

നാണം കുണുങ്ങിക്കുലുങ്ങികൊണ്ടൊരു നാളിൽ കമിതാക്കളൊരുപാട് വന്നിരുന്നെൻ ചാരെ....

സുകുമാര ചപലതകൾ, പ്രണയത്തിൻ രസകലകൾ കണ്ടിട്ടു കൺപൊത്തി കാവലായ് നിന്നിരുന്നു....

പുഷ്പങ്ങൾ കൊണ്ടു ഞാൻ പൂമെത്ത തീർത്തവർക്കൊരുപാട് തണലേകി നിന്നതാണ്....

ഒരുതുള്ളി വെള്ളത്തിനായി ഞാൻ കേഴുന്നു.... തരുവാനില്ലൊരു നാളും ജീവന്റെ ജലമെനിക്കൊരു പ്രണയദാഹിയും....

മൃദുൽ

കടലാസ്സുകളും ജീവിതവും

കടലാസുകളും നമ്മുടെ ജീവിതവും തമ്മിൽ അഭേദ്യമായ ഒരു ബന്ധമാണ് ഉള്ളത്. ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ പലവിധ കടലാസുകൾ ഒപ്പിടണം. അവന്റെ ഓരോ വളർച്ചയുടെ ഘട്ടങ്ങളിലും ആവർത്തിച്ചു കൊണ്ടിരിക്കുന്ന കടലാസ് ബന്ധനങ്ങൾ. പഠനത്തിൽ, തൊഴിലിൽ, വിവാഹത്തിൽ, ഒരു മനുഷ്യനാണെന്നു ബോധ്യപ്പെടുത്തുന്നതിനുപോലും കടലാസുകളുടെ രേഖകൾ നിർബന്ധം.. വ്യക്തിത്വം തിരിച്ചറിയാൻ തുടങ്ങി സമസ്ത മേഖലകളിലും കടലാസ്സുകൾ. വിവിധ തരം രേഖകൾ, രസീതുകൾ, പണവും കടലാസ് തന്നെ.  സത്യത്തിൽ ഈ കടലാസ് രേഖകൾ കൊണ്ട് നമ്മൾ എന്താണ് നേടുന്നത് ? ഇവ  ഇല്ലായിരുന്നെങ്കിൽ എന്തായേനെ ?

ഓർമകളിലൂടെ.......

നിറം മങ്ങാത്ത തുടിപ്പുള്ള ഒരുപാട് ഓർമ്മകൾ ഉണ്ട് എന്റെ മനസ്സിൽ. താന്താങ്ങളുടെ ബാല്യകാലങ്ങളെപ്പറ്റി എല്ലാവർക്കും ഉണ്ടാവും വളരെ മനോഹരവും സുഗന്ധം ഏറിയതുമായ ആ ഓർമകൾ. ഒരിക്കലും ഇനി നമ്മളെ അങ്ങോട്ട്‌ കൊണ്ടു പോവാനാവില്ല ഒരു ശക്തിക്കും. പക്ഷെ നമുക്ക് ഓർമകളിലൂടെ സഞ്ചരിക്കാം ആ നന്മ നിറഞ്ഞ, നിഷ്കളങ ബാല്യത്തിലേക്ക്.

പ്രണയം

പ്രണയത്തെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചാൽ ഞാൻ നിശബ്ദത പാലിക്കും.... പ്രണയം യഥാർത്ഥത്തിൽ മങ്ങിയ കാഴ്ചയാണ്. ചുറ്റും നിറങ്ങളോട് കൂടിയതും എന്നാൽ ലക്‌ഷ്യം മങ്ങിയതും...ഒരു തരം കെട്ടുപാടുകൾ നിറഞ്ഞ കാപട്യം. ജിവിതത്തിലെ ആത്മാർത്ഥ സ്നേഹത്തെ ആ കാപട്യം നിറഞ്ഞ പ്രണയമായി നാം കണക്കാക്കില്ല. അതിനു നിറക്കാഴ്ചകൾ കുറവെങ്കിലും യഥാർത്ഥമാണ്...അതിൽ മങ്ങിയ കാഴ്ചകൾ ഇല്ല, വളരെ വ്യക്തമായ ഒന്ന്...പ്രണയം എന്തെന്ന് അറിഞ്ഞിട്ടുണ്ട്,പക്ഷെ അതിന്റെ നൈമിഷികതയെ ഭയമായിരുന്നു......

ഏകാന്തത

ഏകാന്തത ചിലർക്ക് അസഹ്യം. ചിലർക്കാവട്ടെ ചിന്തകളെ ബഹുലമാക്കാനുള്ള അവസരം. എന്തുതന്നെ ആയാലും ഏകാന്തതയ്ക്ക് ഭംഗി ഏറെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു... ചിലപ്പോൾ മരണത്തിന്റെ, പാലായനത്തിന്റെ, നൈർമല്യത്തിന്റെ, സുകുമാര ചിന്തകളുടെ, ഉയിർപ്പിന്റെ, ആശങ്കകളുടെ, വിശകലനങ്ങളുടെ...... അങ്ങനെ അനേകം ചിന്തകളുടെ ബഹിർസ്ഫുരണം അതാണ്‌ ഏകാന്തതയുടെ ഭാവങ്ങൾ... പലർക്കും പലതാവാം...... സ്ഥായി ഭാവം തീരെ ഇല്ലാത്ത സമ്മിശ്ര വികാരങ്ങളുടെ സമന്വയം.....

മൂന്നാമതൊരാൾ

മൂന്നാമതൊരാൾ
----------------------------
ഈ വാക്കിനും,ഈ നാമത്തിൽ അവരോധിതനാവുന്ന വ്യക്തിക്കും ചിലരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും.ചില നന്മകളെ മറ നീക്കി പുറത്തു കൊണ്ടുവരാനും ബന്ധങ്ങൾ നിലനിർത്തുവാനും "മൂന്നാമതൊരാൾ" ആയി വർത്തിക്കുന്ന വ്യക്തിക്ക് സാധിക്കും...ഈ നന്മയുടെ അവതാരമായ മൂന്നാമതൊരാൾ ശൈഥില്യം,വിരഹം,മനോ വ്യഥകൾ എന്നിവ അനുഭവിക്കേണ്ടി വന്നേക്കാ മായിരുന്ന രണ്ടു ആത്മാക്കളുടെ പുനർസമാഗമനത്തിനും,തല്ഫലമായി അവരുടെ ആജീവനാന്ത നന്ദികൾക്കും പാത്രീഭൂതനാവുകയും ചെയ്യും. ഇതാണ് നിർമ്മലനായ ഒരു "മൂന്നാമന്റെ "ചിത്രം.

ഈ ഗണത്തിൽ പെടാത്ത തരം സവിശേഷതയുള്ള "മൂന്നാമന്മാർ വേറെയുമുണ്ട് ".രണ്ട് ആത്മാക്കളുടെ പുനർസമാഗമന ത്തിനു വഴി തുറക്കാനെന്ന വ്യാജേന ഇടപെടുകയും മലീമസ ചിന്തകളാൽ ഇരു വ്യക്തികളിൽ ഒരാളെ തന്റെ വഴിക്കാക്കി സൌകര്യാർത്ഥം മുതലെടുക്കുകയും ചെയ്യുന്ന നികൃഷ്ടന്മാർ.
പക്ഷേ, ഈ പറഞ്ഞ മൂന്നാമനും ഒരു വിധത്തിൽ വലിയ നന്മയാണ് ചെയ്യുന്നത്. സംശയിക്കേണ്ട, സത്യം തന്നെ. പരിശുദ്ധമായി കണ്ടിരുന്ന ബന്ധത്തിലെ ഈ മൂന്നാമന്റെ ഇടപെടൽ ഒരു കണക്കിനു ദൈവിക ഇടപെടൽ ആണ്. ഇരു വ്യക്തികളിൽ ഒരാളുടെ ആത്മാർത്ഥ ഇല്ലായ്മയും, ചാപല്യം നിറഞ്ഞ കപട മുഖംമൂടിയും തിരിച്ചറിയാൻ ഇണയെ സഹായിക്കുന്ന ദൈവ വേഷം കെട്ടിയ ചെകുത്താനായ "മൂന്നാമതൊരാൾ ".

ബനാറസിന്റെ ഗ്രാമങ്ങളിലൂടെ.

ബനാറസിന്റെ ഗ്രാമങ്ങളിലൂടെ. 
------------------------------------------------------
എന്റെ ജീവിതത്തിലെ വളരെ പ്രാധന്യമാർഹിക്കുന്നതെന്ന് ഞാൻ കരുതുന്ന ഒരു ചിത്രവും അതിനോട് അനുബന്ധിച്ചുള്ള ഒരു വിവരണവും ആണിത്. 

ഞാൻ ബനാറസിന്റെ നഗരക്കാഴ്ചകൾ വിട്ടു ഗ്രാമീണ ഭംഗിയും തേടി ക്യാമറയുമായി ഇറങ്ങി... കുറച്ച് ദൂരെയായി എന്റെ വാഹനം നിർത്തിയിട്ട ശേഷം ഇറങ്ങി നടക്കാൻ ആരംഭിച്ചു. കുറെ അധികം സാധാരണ ഗ്രാമവാസികൾ തിങ്ങിപ്പാർക്കുന്ന കോളനി പോലെ തോന്നിക്കുന്ന ഒരിടം.കാഴ്ചയിൽ തന്നെ അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുടെ പോരായ്മകൾ എനിക്ക് മനസ്സിലായി.പലരും എന്നെ അത്ഭുതത്തോടെ നോക്കുന്നു, പിറുപിറുക്കുന്നു. എന്റെ വേഷവും കയ്യിലെ ക്യാമറയും കണ്ടിട്ടാവാം. ഞാൻ പല പല ദൃശ്യങ്ങൾ മനസ്സിൽ കണ്ട് അങ്ങനെ നടന്നു മുന്നേറി. ഇടയ്ക്കിടെ നല്ല ഫ്രേമുകൾ പകർത്തി. പലരും കൃഷിക്കാരാണ്.കുട്ടികൾ ഓരോരോ വിനോദങ്ങളിലും തമ്മിൽ തല്ലിലുമൊക്കെ എർപെട്ട് തിമിർക്കുന്നു. എന്റെ മനസ്സിൽ നല്ല സന്തോഷം, കാരണം നഗരത്തിന്റെ തിരക്കിൽ ഇതൊന്നും കാണാൻ പറ്റില്ല. എനിക്കും ആ കുട്ടികളോട് ഒപ്പം ചളിയിൽ ഉരുണ്ടു മറിയാൻ തോന്നി. അങ്ങനെ നിൽകുമ്പോൾ എവിടെ നിന്നോ ഒരു കരച്ചിൽ കേട്ടു, ഞാൻ അവിടേക്ക് വേഗത്തിൽ നടന്നു എന്താണെന്നറിയാൻ. ഒരു കുഞ്ഞിന്റെ കരച്ചിലാണ്, പേടിച്ച നിലവിളി. ഞാൻ എത്തി നോക്കുമ്പോൾ കുറെ നായകൾ ചേർന്ന് കുരച്ചു കൊണ്ട് രണ്ട് മൂന്നു വയസ്സിനടുത്ത് പ്രായമുള്ള ഒരു കുഞ്ഞിനെ ഉപദ്രവിക്കാൻ ഒരുങ്ങുന്നു,.ഞാൻ വേഗം ആ തെരുവ് നായകളെ ഓടിച്ചു. കുട്ടി ആകെ പേടിച്ചു ഭയപ്പാടോടെ നിലവിളി തുടർന്നു. അടുത്തെങ്ങും ആരുമില്ല, അവനെ അവിടെ തനിയെ വിടാൻ എനിക്ക് മനസ്സ് വന്നില്ല.ഞാൻ ഹിന്ദിയിൽ അവന്റെ വീട് എവിടാന്നു ചോദിച്ചു, അപ്പോഴും അവന്റെ മുഖത്തെ ഭയം മാഞ്ഞിരുന്നില്ല. വിതുമ്പിക്കൊണ്ട് ആ കുഞ്ഞു നിന്നു. ശ്വാസം ഒക്കെ പ്രയാസപ്പെട്ടു എടുക്കുന്നതായി തോന്നി. ഞാൻ അവനെ ചേർത്ത് നിർത്തി സമാധാനിപ്പിച്ചു. അവൻ എന്നെ പറ്റി ചേർന്നു നിന്നു.. അല്പം ശാന്തനായപ്പോൾ ഞാൻ അവനെ എടുത്തു അവൻ കൈചൂണ്ടിയ അവിടേക്ക് കയറി, അതാവണം അവന്റെ വീട്. ഓല മേഞ്ഞ കുഞ്ഞു കുടിൽ, ഭിത്തി ചളിയും കല്ലും ഉപയോഗിച്ച് നിർമിച്ചത്, അല്ല ഇവന്റെ അച്ഛനും അമ്മയും എവിടെ? ഞാൻ ഓരോന്നൊക്കെ കുട്ടിയോട് ചോദിച്ചു കൊണ്ടിരുന്നു, അവൻ മിടുക്കനാണ് ഭോജ്പുരി ഭാഷ കലർന്ന ചെറിയ ശബ്ദശകലങ്ങൾ അവൻ പറഞ്ഞു, ചിരിക്കാൻ ഒക്കെ തുടങ്ങി. ഞാനും അറിയാതെ അവനോടൊപ്പം അവന്റെ സന്തോഷത്തിൽ പങ്കു ചേർന്നു, എന്റെ കയ്യിൽ ഉണ്ടായിരുന്ന ടിഫിൻ ബോക്സിലെ സാൻവിച്ചും മറ്റും അവനു കൊടുത്തു. അവനു നല്ല വിശപ്പ് ഉണ്ടാവണം മുഴുവൻ കഴിച്ചു, അത് കണ്ടപ്പോൾ എനിക്കും സമാധാനമായി. അമ്മയെപ്പറ്റി ചോദിച്ചപ്പോൾ അവൻ പുറത്തേക്ക് കൈ ചൂണ്ടി,പക്ഷെ അവിടെങ്ങും ആരെയും കണ്ടില്ല, എന്തായാലും ആരെങ്കിലും വന്ന ശേഷം പോകാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ അവന്റെ പുഞ്ചിരിയിൽ സന്തോഷിച്ചു ഞാൻ അവിടെ ഇരുന്നു. അല്പം കഴിഞ്ഞു ഒരു വലിയ തലച്ചുമടുമായി ക്ഷീണിതയായ ഒരു സ്ത്രീ വന്നു, അമിതാധ്വാനത്താൽ അവർ വളരെ മെല്ലിച്ച ഒരു രൂപമായിരുന്നു. എന്നെ ആ കുട്ടിയുടെ കൂടെ കണ്ടപ്പോൾ സ്തബ്ധയായി നോക്കി എന്നിട്ട് ഓടി വന്നു അവനെ എടുത്തു മാറി നിന്ന് ഭോജ്പുരിയിൽ എന്തൊക്കെയോ അവനോടും എന്നോടുമായി പറഞ്ഞു, ഞാൻ ഹിന്ദിയിൽ നടന്ന കാര്യങ്ങൾ അവരെ ബോധിപ്പിച്ചു, ഭോജ്പുരി ഭാഷ കേട്ടാൽ അല്പസ്വല്പം മനസ്സിലാകുമെങ്കിലും പറയുവാൻ എനിക്ക് അത്ര വശമില്ല.. അവർക്ക് കാര്യം മനസ്സിലായി, അവർ കുറെ തവണ നന്ദി പറഞ്ഞു. കുട്ടി ഉറങ്ങിയപ്പോൾ അവർ കുറച്ചു ദൂരെയുള്ള പാടത്ത് ഭർത്താവിനൊപ്പം പോയി സഹായങ്ങൾ ചെയ്ത് തിരിച്ചു വന്നതാണ്‌. അവർ പോയി കുറെ കഴിഞ്ഞു ഇവൻ ഉണർന്നു അമ്മയെ അന്വേഷിച്ച് പുറത്തിറങ്ങിയപ്പോഴാവും നായകളുടെ മുന്നിൽ പെട്ടത്. എന്തായാലും ഒന്നും സംഭവിച്ചില്ല.ഞാൻ അവന്റെ ഒന്ന് രണ്ടു ചിത്രങ്ങൾ പകർത്തി, ക്യാമറ കണ്ടു ഭയന്നിട്ടാവും അവന്റെ ചിരിയൊക്കെ മാഞ്ഞു പോയി....... നടന്നു വീണ്ടും മുന്നോട്ട് നീങ്ങുമ്പോൾ ഞാൻ എന്റെ മനസ്സിൽ അവനൊരു പേരിട്ടു, " തക്കുടു".

മാലിന്യങ്ങൾ

രക്തം മലിനമെങ്കിൽ ജീവനും മലിനമാക്കപ്പെടും.

മാലിന്യമില്ലാത്ത ജീവനുകളായി ജീവിക്കുവാൻ രക്തശുദ്ധി അനിവാര്യം. 

രക്തജീവനുകൾ മലീമസമാക്കാത്ത തലമുറകളെ നമുക്ക് ലഭിക്കാൻ നാമും സ്വയം മാലിന്യങ്ങൾ പേറുന്ന മാംസ പിണ്ടങ്ങൾ ആയി മാത്രം ജീവിക്കാതെ ഇരിക്കാം......

മൃദുൽ

എന്റെ നിദ്രയും ഉണർവും

എന്റെ നിദ്രയും ഉണർവും 
====================

നിശ്ചലൻ നിർവികാരൻ നിശബ്ദൻ നിത്യവും നിശാ നിദ്രയിൽ...... 

ഉജ്ജ്വലൻ ഊർജസ്വലൻ ഉത്തമൻ ഉഷസ്സിൻ ഉണർവിലായ്‌ ....... 

മൃദുൽ 

വ്യക്തി ഹത്യകളും പരിണാമങ്ങളും

വ്യക്തി ഹത്യകളും പരിണാമങ്ങളും 


പഴയ കാലങ്ങളിലെ പോലെ സൌഹൃദങ്ങൾക്കും, വ്യക്തിബന്ധങ്ങൾക്കും ഒരു ദൃഡത, അല്ലെങ്കിൽ ഒരു സത്യസന്ധത ആധുനിക ലോകത്ത് കണ്ടുവരുന്നില്ല.

വ്യക്തികൾ വെറും വസ്തുക്കൾ ആക്കി മാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരു വ്യക്തിയെ വസ്തുവൽക്കരിക്കുമ്പോൾ ശരിക്കും ഒരു കൊലപാതകം നടക്കുന്നു. പിന്നീട് അവിടെ കാണപ്പെടുന്നത് യഥാർത്ഥത്തിൽ ആ വ്യക്തിയല്ല. ഒരു ജീവനില്ലാത്ത വസ്തു മാത്രമാണ്.

വസ്തുക്കൾ പുഞ്ചിരിക്കാറില്ല, സംഗീതം ആസ്വദിക്കാറില്ല, സ്നേഹിക്കാറും സ്നേഹിക്കപ്പെടാറും ഇല്ല. മനനം ചെയ്യുവാൻ പോലും ശേഷിയില്ലാത്ത കേവലം നിർജീവ മാംസകൂടാരങ്ങൾ.....

മൃദുൽ

മതിമറന്നു മയങ്ങുക


മതിമറന്നു മയങ്ങുക



മതി മനോഹര മിഴികളേ.... മമ മനമിതിങ്ങനെ മൊഴികയാൽ
മതി മറന്നു മയങ്ങുകങ്ങനെ...

നന്മതൻ നറുതിരിയുമായി നാലുപാടും നിറവുമായി നാളെയെന്നൊരു നാദമുണ്ട്....

മതി മറന്നു മയങ്ങുകങ്ങനെ...



മൃദുൽ

പലിശ രഹിത പ്രവാസം

പലിശ രഹിത പ്രവാസം
===================



മണലിന്റെ കാറ്റിനെ ഭേദിച്ചും...

ഉരുകുന്ന വെയിലിൽ തൻ നിഴലിനാൽ തണൽ തീർത്ത് ഒന്നാഞ്ഞു പുല്കിയും

ബന്ധങ്ങൾ മുറിയാതെ ബന്ധിക്കയും...

മരുവിലെ നിധികളെ തേടിപ്പിടിക്കുന്ന തൊഴിലുകളിൽ യൗവനം പണയ വസ്തു.....

പലിശക്കു പകരം പണം കൊണ്ടു തീരാ രോഗങ്ങളവസാന നിമിഷങ്ങളതുന്യൂനം..

മൃദുൽ